തൃശൂർ: ശബരിമലവിവാദത്തിൽ എസ്ഐടിയുടെ അന്വേഷണം പൂർത്തിയാകുന്പോൾ പ്രതിസ്ഥാനത്തുള്ളവർ കുറ്റക്കാരാണെങ്കിൽ കർശനനടപടിയെടുക്കുമെന്നും പാർട്ടി സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ശബരിമലയിൽ അയ്യപ്പന്റെ ഒരുതരി സ്വർണം നഷ്ടപ്പെടാൻ സിപിഎം അനുവദിക്കില്ല. ശബരിമല സ്വർണപ്പാളി കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന പത്മകുമാറും വാസുവും ഇപ്പോൾ ജയിലിലാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കണമെന്ന് സിപിഎമ്മാണ് ആവശ്യപ്പെട്ടത്. തുടക്കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഇപ്പോൾ എസ്ഐടിയുടെ അന്വേഷണം തൃപ്തികരമാണെന്ന് സമ്മതിക്കുന്നതിനുപിന്നിൽ അന്വേഷണം കൃത്യമായി നടക്കുന്നതാണ് കാരണമെന്ന് ഗോവിന്ദൻ അവകാശപ്പെട്ടു.
സിപിഎമ്മിനെതിരേ ശബരിമല സ്വർണക്കൊള്ള ആരോപിക്കുന്ന കോണ്‍ഗ്രസ്, ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസ് മറക്കരുതെന്നു സിപിഎം സെക്രട്ടറി പറഞ്ഞു. 1985ൽ നടന്ന തിരുവാഭരണമടക്കമുള്ള സ്വർണക്കവർച്ചയിൽ അന്നു ഭരിച്ച കെ. കരുണാകരൻ അടക്കം ആരോപണവിധേയരായിരുന്നു. മേൽശാന്തി ദാമോദരൻ നന്പൂതിരിയും മകൻ ദേവദാസൻ നന്പൂതിരിയും കുറ്റക്കാരനാണെന്നു വിധിച്ചെങ്കിലും 1993ൽ കോടതി നിരപരാധികളെന്നു കണ്ടെത്തി വെറുതെവിടുകയായിരുന്നു.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പതിവാണ്. ഒന്നുകിൽ സിബിഐ അല്ലെങ്കിൽ ഇഡി നോട്ടീസ് വരും. കിഫ്ബിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തെ മതപരമായി മാറ്റിയെടുക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. കേരളത്തിൽ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ആശയതലം നിയന്ത്രിക്കുന്നതു ജമാഅത്തെ ഇസ്ലാമിയാണെ ന്നും അദ്ദേഹം പറഞ്ഞു.
ലീഗും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുകെട്ടിലേക്കു മാറി. വർഗീയയ്ക്കെതിരേയുള്ള നിലപാടും വികസനവുമാണ് തെരഞ്ഞെടുപ്പിൽ സിപിഎം വാഗ്ദാനം ചെയ്യുന്നത്. ജോണ്‍ ബ്രിട്ടാസ് കേന്ദ്രവുമായുള്ള പാലമാണെങ്കിൽ എത്ര പാലം വേണമെങ്കിലും സ്വീകാര്യമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പുറത്താക്കാൻ മുകേഷ് പാർട്ടി അംഗമല്ല
കോണ്‍ഗ്രസിനെ ഭരിക്കുന്നതു ക്രിമിനൽ - മാഫിയാ സംഘമാണെന്നും കോണ്‍ഗ്രസ് പാർട്ടി ഇതു പോലെ പ്രതിക്കൂട്ടിലായ ചരിത്രം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. മുകേഷ് അന്നും ഇന്നും പാർട്ടിഅംഗമല്ല. സ്വതന്ത്രനായി മത്സരിച്ചുജയിച്ച മുകേഷിന്റെ കേസ് പരിഗണിച്ചതു കോടതിയാണ്. സംഘടനാനടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല, മുകേഷിനെതിരേ പാർട്ടി നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ വിശദീകരിച്ചു.
അതിജീവിതയ്ക്കെതിരേ ഉണ്ടായ സൈബർ ആക്രമണം മറ്റാരും പരാതിയുമായി മുന്നോട്ടുവരാതിരിക്കാനുള്ള മുന്നറിയിപ്പാണ്. രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തപ്പോൾ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണു കോണ്‍ഗ്രസ് പറഞ്ഞത്.
കെപിസിസിക്ക് ഒന്‍പതോളം പരാതികൾ ലഭിച്ചെങ്കിലും പൂഴ്ത്തി. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം ജീർണിച്ചു. രമേശ് ചെന്നിത്തലയ്ക്കു പത്രസമ്മേളനം നടത്താനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടെന്നും ഗോവിന്ദൻ കളിയാക്കി.